പഴയ തലശ്ശേരി മുസ്ലിം തറവാടുകളിൽ ഇടം പിടിച്ച തായത്തു തറവാട്. കാലം അത്രയേറെ മുൻപോട്ടു പോയിട്ടും ഇന്നും ആ പ്രൗഢിയും പേരും കാത്തു സൂക്ഷിക്കുന്ന തലശ്ശേരിയിൽ ഇന്നും സുപരിചിതമായ ബൈച്യരാടാ കുടുംബം. ആ പേര് ജനങ്ങൾക്കിടയിൽ ചാർത്തപ്പെടാൻ ഒരു കാരണം ഉണ്ടെന്ന് അറിയാമോ. അതിന് നമ്മുക്ക് കുറച്ചു പുറകോട്ടു സഞ്ചരിക്കണം. ഇന്ന് നിങ്ങൾ കാണുന്ന ഇളം തലമുറയല്ല. ഇത് നടന്നത് വളരെ പണ്ട് കാലത്താണ് കേട്ടോ. ആധുനിക വൈദശാസ്ത്രമൊക്കെ ഇത്രക്ക് അങ്ങ് പുരോഗമിച്ചിട്ടില്ല. ഞാൻ ഒരു കഥ പറയുകയാണെന്ന് തോന്നുന്നുണ്ടോ. ജീവിതം അവസാനിക്കുന്നിടത്ത് പിന്നീട് നമ്മൾ അടക്കം വെറും ഒരു കഥയല്ലേ. അങ്ങനെ ആണ് ഇതും ഒരു കഥയായി മാറുന്നത്. ഒത്തിരി വർഷങ്ങൾക്ക് മുൻപാണ്. നഫീസത്തുൽ മിസ്സിരിയ അവറുകൾ ജന്മം എടുക്കുന്നതിനു മുൻപുള്ള കാലം. വളരെ പ്രാർത്ഥനയോടെ ആഗ്രഹത്തോടെ അവർ ഒരു പെൺകുഞ്ഞിനെ കാത്തിരുന്നു. ഒടുവിൽ ലക്ഷദ്വീപ് ഇൽ നിന്നു വന്ന ഒരു പുരോഹിതൻ ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞായിരിക്കും എന്നും അവൾക്ക് നഫീസത്തുൽ മിസ്സിരിയ എന്ന് പേരിടണമെന്നും നിർദ്ദേശിക്കുന്നു. അത് തന്നെ സംഭവിച്ചു. ആ കുട്ടി വളർന്നു. വിവാഹ പ്രായം ആയതോടെ വൈദ്യരായ ആ പിതാവിന് മകളുടെ വരാനായി ഒരു വൈദ്യരെ തന്നെ കണ്ടെത്തണം എന്ന് അതിയായ ആഗ്രഹം. അങ്ങനെ ആണ് എറമൂട്ടി വൈദ്യർ എന്ന ആ മഹത് വ്യക്തിക്ക് തന്റെ മകൾ നഫീസത്തുൽ മിസ്സിരിയയെ വിവാഹം കഴിച്ചു കൊടുക്കുന്നത്.വൈദ്യശാസ്ത്രത്തെ മുറുകെ പിടിച്ചു സാമൂഹിക മൂല്യങ്ങൾ ഉയർത്തി കാട്ടി മാതൃകയായ ആ ദമ്പതികളിൽ നിന്നാണ് തായത്ത് തറവാടിന്റെ തേരോട്ടം ആരംഭിക്കുന്നത്. ചികിത്സ രീതികളിലും സ്വ ജീവിതത്തിലും സാമൂഹിക കാര്യങ്ങളിലും സൂക്ഷ്മത പുലർത്തി കൊണ്ട് ജീവിച്ചത് കൊണ്ടായിരുന്നു സമൂഹത്തിൽ ശ്രീ എറമൂട്ടി വൈദ്യർക്ക് നല്ല സ്വീകാര്യത നൽകിയത്. ഇന്നും പുറത്തുള്ളവർ പോലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കാറുണ്ട്. ആ സന്താന പരമ്പര അവിടെ തുടങ്ങുന്നു. ആ 8 പേരുടെ സന്താന പരമ്പരയാണ് നമ്മൾ അടങ്ങുന്ന ഇളമുറക്കാർ.
ചികിത്സാ മികവ് കൊണ്ടും ഇടപെടലുകൾ കൊണ്ടും ജനങ്ങൾക്കിടയിൽ പേരെടുത്ത ഒത്തിരി വൈദ്യന്മാർ നമ്മുടെ പരമ്പരയിൽ കാണാം. അവർ ഉയർത്തി പിടിച്ച മൂല്യങ്ങളും നമ്മൾ തിരിച്ചറിയേണ്ടതാണ്. പട്ടിണി കൊടി കെട്ടി വാണ ആ സാഹചര്യത്തിൽ ചികിത്സക്കായി പോകുമ്പോൾ ഒരു സഞ്ചിയിൽ അരിയും കൂടി കൊണ്ടുപോയിരുന്ന എറമൂട്ടി വൈദ്യർ എന്ന നമ്മുടെ ഉപ്പൂപ്പ ഒരു വൈദ്യൻ എങ്ങനെ ആയിരിക്കണം എന്ന് മാത്രമല്ല ഒരു മനുഷ്യന് തന്റെ സമൂഹത്തിൽ ഉണ്ടാകേണ്ട മൂല്യങ്ങൾ ഒരു ഭാഷയുടെയും പിൻബലം ഇല്ലാതെ ഒരു വാക്ക് പോലും പറയാതെ ആ ജീവിതം കൊണ്ട് തന്നെ വരച്ചു കാട്ടി തന്നു. ആ പാത പിൻപറ്റിയാൽ വഴി പിഴക്കില്ലെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ സന്താനങ്ങൾക്കും നിശ്ചയമായത് കൊണ്ടാകണം എല്ലാവർക്കും നല്ല സേവനം നൽകണം എന്ന ഉദ്ദേശത്തോടെയാണ് പിൽകാലത്തുള്ളവർ ജീവിച്ചു പോന്നത്.പോത്തും ദ്രവാകം കണ്ടുപിടിച്ച യഥാർത്ഥ ആളെ അന്വേഷിച്ചു ഇറങ്ങിയാൽ തായത്ത് തറവാടിന്റെ പടിക്കൽ ചെന്ന് തന്നെയാണ് നിൽക്കുക. വിഷ ചികിത്സ അടക്കം ഒത്തിരി ആളുകൾക്ക് തങ്ങളുടെ ജീവനും ജീവിതവും തിരികെ നൽകിയ 7 ൽ അധികം വൈദ്യർമാർ മക്കൾ മരുമക്കൾ സൃങ്കലയിൽ കാണാം അതുകൊണ്ട് തായത്ത് തറവാടിനെ ബൈച്യരാടാ എന്ന് സംബോധന ചെയ്താൽ ഒട്ടും അമാന്തിക്കാതെ അഭിമാനത്തോടെ നമ്മുക്ക് പറയാം. നമ്മൾ എറമൂട്ടി ബൈച്യരാടാ കുടുംബം ആണെന്ന്. അതിന്റെ ഒപ്പം നമ്മുടെ മക്കൾക്കും ഇത് പോലെ അഭിമാനത്തോടെ പറയാൻ നമ്മുക്ക് ഈ സമൂഹത്തിൽ എന്തെങ്കിലും ഭാക്കി വെക്കാം. 6 ആം തലമുറയും താണ്ടി ആ വേരോട്ടം എത്ര ദൂരം താണ്ടിയാലും ഈ മരത്തണലിൽ നമ്മുക്ക് എന്നും ഒരുമിക്കാം. സ്നേഹത്തോടെ സഹോദര്യത്തോടെ
.